Movies
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയാ താരവുമായ ഹൻസികയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയങ്ങളിലൊന്ന്. ഹൻസികയുടെ ഒരു വീഡിയോ സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചതാണ് ഇതിന് കാരണം. താരപുത്രി ഇതുവരെ എവിടെയും പങ്കുവയ്ക്കാത്തൊരു വീഡിയോ എങ്ങനെ ലീക്കായി എന്നാണ് ചോദ്യങ്ങൾ.
ബോൾഡ് ലുക്കിലാണ് വീഡിയോയിൽ ഹൻസിക പ്രത്യക്ഷപ്പെടുന്നത്. ഇൻസ്റ്റഗ്രാം സബ്സ്ക്രൈബേഴ്സിനു വേണ്ടി പങ്കുവച്ച വീഡിയോയാണിതെന്നാണ് ഒരു കൂട്ടർ പറയുന്നത്.
സബ്സ്ക്രിപ്ഷൻ കൂട്ടാൻ വേണ്ടി ഇവർ തന്നെ മനഃപൂർവം വീഡിയോ പുറത്തുവിട്ടതാണെന്നും ആരോപണം ഉയരുന്നുണ്ട്. നേരത്തെ 299 രൂപയായിരുന്ന സബ്സ്ക്രിപ്ഷൻ ഫീസ് ഇപ്പോൾ 390 രൂപയായി ഹൻസിക വർധിപ്പിച്ചെന്നും വീഡിയോ വന്നതോടെ ഫോളോവേഴ്സ് ഇരട്ടിയായെന്നും വിമർശനമുണ്ട്. അതായത് ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷനിലൂടെ മാത്രം ലഭിക്കുന്നത് 702000 രൂപയാണ്.
ഇൻസ്റ്റാഗ്രാമിൽ സബ്സ്ക്രിപ്ഷനുള്ള ഹൻസിക ഒരു മാസത്തേക്ക് ഈടാക്കുന്നത് 390 രൂപയാണ്. ഇതിനകം 1800 സബ്സ്ക്രൈബേഴ്സ് ആണ് ഹൻസികയ്ക്ക് ലഭിച്ചത്. വീഡിയോ ലീക്ക് ആയി ഒറ്റ ദിവസം കൊണ്ട് ആയിരത്തിലധികം സബ്സ്ക്രൈബേഴ്സ് വർധിച്ചുവെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.
എന്നാൽ ലീക്ക് ആയ വിഡിയോ എഐ, ഡീപ്പ് ഫേക്ക് ആണെന്നു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. എന്തായാലും ഈ വിഷയത്തിൽ പ്രതികരണവുമായി ഹൻസിക ഇതുവരെ എത്തിയിട്ടില്ല.
അതേസമയം ബാച്ച്ലർ പാര്‍ട്ടി 2 എന്ന സിനിമയിലൂടെ നസ്ലിന്റെ നായികയായി സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം.
Kerala
കാട്ടാക്കട: നെയ്യാറ്റിന്‍കര വ്ലാത്താങ്കരയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടലാണെന്ന് പ്രതി വിഷ്ണുനാഥിന്റെ മൊഴി. യൂട്യൂബറായ ഭാര്യ പലർക്കും മെസേജുകൾ അയക്കുന്നുണ്ടെന്ന് താൻ സംശയിച്ചിരുന്നുവെന്നും ചാറ്റുകളെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നതായും പ്രതി പറഞ്ഞു.
കൊലപാതക ദിവസം രാവിലെയും തർക്കമുണ്ടായിരുന്നു. ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റാരുടെയെങ്കിലും കൂടെ പോകുമോയെന്ന് സംശയമുണ്ടായിരുന്നെന്നും വിഷ്ണുനാഥ് പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നാണ് പ്രതിയുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വാക്കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. വിഷ്ണുനാഥിനെ പാറശാല പോലീസ് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അല്‍മയെ (33) വിഷ്ണുനാഥ് (36) കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നാലെ അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിഷ്ണുനാഥ് വിവരം അറിയിക്കുകയായിരുന്നു.
ഈ സമയം വിഷ്ണുനാഥും സഹോദരനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാറശാല പോലീസ് സ്ഥലത്തെത്തുമ്പോള്‍ മുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു അല്‍മ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
Movies
മുംബൈ: സോഷ്യൽ മീഡിയയിൽ തന്നെ 'ട്രോഫി' എന്ന് വിശേഷിപ്പിച്ച ആരാധകന് ശക്തമായ മറുപടിയുമായി ബോളിവുഡ് താരം പ്രീതി സിന്ത. പഞ്ചാബ് കിംഗ്സ് ഉടമയായ പ്രീതി, ഐപിഎല്ലിൽ തന്റെ ടീമിന്റെ മികച്ച പ്രകടനത്തിന്റെ ആവേശത്തിനിടെ എക്സിൽ ആരാധകരുമായി നടത്തിയ സംവാദത്തിനിടെയാണ് ഈ പ്രതികരണം നടത്തിയത്.
"അവർ (പ്രീതി) ഇതുവരെ ട്രോഫി ജയിക്കാത്തതിന് ഒരു കാരണമുണ്ട്, കാരണം അവർ തന്നെയാണ് ട്രോഫി" എന്നൊരാൾ കുറിച്ച ട്വീറ്റിനെക്കുറിച്ച് അഭിപ്രായം ചോദിച്ച ആരാധകനോടാണ് പ്രീതി മനസ്സ് തുറന്നത്. "നന്ദി, അത് കേൾക്കാൻ സുഖമുണ്ട്. പക്ഷേ സത്യസന്ധമായി പറഞ്ഞാൽ ഒരു സ്ത്രീയും 'ട്രോഫി' എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. ട്രോഫികൾ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതാണ് എന്നാൽ സ്ത്രീകൾ അങ്ങനെയല്ല! ട്രോഫികൾ ഗ്ലാസ് ഷെൽഫുകളിൽ സൂക്ഷിക്കാനുള്ളതാണ്, എന്നാൽ സ്ത്രീകൾക്ക് സ്ഥാനം നിങ്ങളുടെ ജീവിതത്തിലും ഹൃദയത്തിലുമാണ്."
സിനിമ സ്റ്റൈലിലുള്ള ചോദ്യത്തിന് താൻ സിനിമാ സ്റ്റൈലിൽ തന്നെ മറുപടി നൽകുന്നു എന്ന് പറഞ്ഞാണ് താരം ഇത് അവസാനിപ്പിച്ചത്. സ്ത്രീകളെ വസ്തുക്കളായി കാണുന്നതിനെതിരെ തമാശ കലർന്ന രീതിയിൽ നടി നൽകിയ ഈ മറുപടി സോഷ്യൽ മീഡിയയിൽ വലിയ കൈയടി നേടുന്നുണ്ട്.
Todays Story
സമൂഹമാധ്യമങ്ങളില്‍ ദിവസങ്ങളായി നടക്കുന്ന വലിയ ചര്‍ച്ചയാണ് ആര്‍ട്ടെമിസ് 2 ദൗത്യം യാഥാര്‍ഥ്യമോ അതോ വ്യാജമോ എന്നത്! മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ആര്‍ട്ടെമിസ് ദൗത്യം വ്യാജവാര്ത്തയാണെന്നാണു പ്രചരിപ്പിക്കുന്നത്.
ചന്ദ്രനെ ഭ്രമണം ചെയ്തു മടങ്ങുന്ന ദൗത്യം സിനിമാ സ്റ്റുഡിയോയില്‍ ചിത്രീകരിച്ചതാണെന്നും ദൃശ്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് നിര്മിച്ചതാണെന്നുമാണു പ്രധാന പ്രചാരണം.
വിവിധ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയാണു ശാസ്ത്രീയ അടിത്തറയില്ലാത്ത അവകാശവാദങ്ങള്‍ പ്രചരിക്കുന്നത്.
ദൗത്യത്തിലെ ബഹിരാകാശസഞ്ചാരികൾ ഗ്രീന്‍ സ്ക്രീനിനു മുന്നില്‍ കാമറകളെ അഭിമുഖീകരിച്ച് നില്ക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ ദശലക്ഷക്കണക്കിന് ആളുകളാണു കണ്ടത്.
എന്നാല്‍ ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് കൃത്രിമമായി നിര്‍മിച്ചതാണെന്ന് ഡിജിറ്റല്‍ ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ, ചന്ദ്രോപരിതലത്തില്‍ നിഗൂഢമായ വസ്തുക്കളെ കണ്ടെത്തിയെന്ന തരത്തിലുള്ള വീഡിയോകളും തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ദൗത്യത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ഉണ്ടായ ചില സാങ്കേതിക പിഴവുകളെ ദൗത്യം വ്യാജമാണ് എന്നതിന് തെളിവായി ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നു.
ഉദാഹരണത്തിന്, ഔദ്യോഗിക മാസ്കോട്ടിന് മുകളിലൂടെ അക്ഷരങ്ങള്‍ തെളിഞ്ഞുവന്നത് ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന വാദത്തിനു കാരണമായി.
എന്നാല്‍, ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്ത ഒരു വാര്‍ത്താ ഏജന്‍സിക്ക് സംഭവിച്ച ഗ്രാഫിക്സ് പിഴവാണിതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.
പഴയ അപ്പോളോ 11 ദൗത്യത്തെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ വീണ്ടും സജീവമാക്കാന്‍ ഇത്തരം പ്രചാരണങ്ങള്‍ കാരണമാകുന്നുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
1972ന് ശേഷം ദീര്‍ഘകാലത്തെ ഇടവേളകഴിഞ്ഞാണ് മനുഷ്യന് വീണ്ടും ചന്ദ്രനിലേക്കു പോകുന്നത് എന്നതും പുതിയ തലമുറയ്ക്ക് ഇതിലുള്ള അവിശ്വാസം വര്‍ധിപ്പിക്കാന്‍ കാരണമായതായി വിദഗ്ധര്‍ പറയുന്നു.
ഓറിയോണ്‍ പേടകത്തില്നിന്നയച്ച ഭൂമിയുടെയും ചന്ദ്രന്റെയും അതിമനോഹരമായ ദൃശ്യങ്ങള്‍ മനുഷ്യന്റെ ശാസ്ത്രീയ നേട്ടത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് ബഹിരാകാശ വിദഗ്ധര്‍ പറയുന്നു.
വ്യാജവാര്‍ത്തകള്‍ തള്ളിക്കളയാന്‍ ഈ ചിത്രങ്ങള്‍ മാത്രം മതിയെന്നും ഗവേഷകലോകം ചൂണ്ടിക്കാണിച്ചു.
Kerala
കൊച്ചി: സോഷ്യല്‍ മീഡിയ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍. നെടുമ്പാശേരി എയര്‍പോര്‍ട്ടിന് സമീപത്തെ എംജെ റസിഡന്‍സിയില്‍വെച്ചാണ് പിടിയിലായത്.
വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിന്‍സിക്കൊപ്പമുണ്ടായിരുന്നത്. ഉപയോഗിക്കാനായി കൈവശം വെച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു.
ലഹരി ഉപയോഗിക്കാനും വില്‍ക്കാനുമായി റിൻസി റൂമെടുത്ത് കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2025 ജൂലൈയിലും റിന്‍സി എംഡിഎംഎയുമായി പിടിയിലായിരുന്നു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമ്മിലുള്ള സ്നേഹപൂർവമായ സംഭാഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇരുവരും തമ്മിൽ പാർലമെന്റിലും പുറത്തും വാക്പോര് രൂക്ഷമായതിനിടെയാണ് ഇന്നലെ പാർലമെന്റ് സമുച്ചയത്തിലെ ഒരു ചടങ്ങിലും മോദിയും രാഹുലും പരസ്യമായി സൗഹൃദം പങ്കുവച്ചത്.
ലോക്സഭാ സ്പീക്കർ ഓം ബിർല, കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡ, അർജുൻ റാം മേഘ്വാൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും രാഷ്ട്രീയവൈര്യം മറന്ന് സംസാരിച്ചത്.
സാമൂഹിക പരിഷ്കർത്താവായ ജ്യോതിറാവു ഫൂലെയുടെ 200-ാം ജന്മവാർഷികത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. രാഹുലിനെ കണ്ട് മോദി അഭിവാദ്യം ചെയ്യുന്നതും ഇരുവരും സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
National
ന്യൂഡൽഹി: ഐടി നിയമങ്ങളിൽ ഭേദഗതികൾ വരുത്തി സമൂഹമാധ്യമ ഉപയോക്താക്കൾക്കുമേൽ കൂടുതൽ പിടിമുറുക്കാൻ കേന്ദ്രസർക്കാർ.
2021ലെ ഐടി നിയമങ്ങളിൽ ഭേദഗതി വരുത്തി വാർത്താപ്രസാധകർക്കു ബാധകമാകുന്ന കടുത്ത നിയന്ത്രണങ്ങൾ സമൂഹമാധ്യമ ഇൻഫ്ലുവൻസർമാർക്കും വാർത്താ ഉള്ളടക്കങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്ന ഉപയോക്താക്കൾക്കും ബാധകമാക്കാനാണു നീക്കം. ഇതുമായി ബന്ധപ്പെട്ടുള്ള ഭേദഗതികളുടെ കരട് ഐടി മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കി.
ബ്രോഡ്കാസ്റ്റിംഗിനുമേൽ നിലവിലുള്ള നിയന്ത്രണങ്ങൾ വാർത്തകളും സമകാലിക സംഭവങ്ങളും പോസ്റ്റ് ചെയ്യുന്ന പ്രസാധകരല്ലാത്ത ഉപയോക്താക്കൾക്കുമേലും ബാധകമാക്കാനാണു കേന്ദ്രത്തിന്റെ നീക്കം.
സർക്കാരിന് അനഭിമതമായ ഓണ്‍ലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെടുന്നതിനു ഭേദഗതികൾ കാരണമാകുമെന്നാണ് നീക്കത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
ഐടി നിയമത്തിനു കീഴിൽ രൂപീകരിക്കപ്പെട്ട ഇന്റർ ഡിപ്പാർട്ട്മെന്റൽ സമിതിയുടെ വ്യാപ്തി വിപുലമാക്കാനും കരട് ഭേദഗതി ലക്ഷ്യമിടുന്നുണ്ട്.
ഓണ്‍ലൈൻ ഉള്ളടക്കത്തിനെതിരേ ലഭിക്കുന്ന പരാതികളിൽ മാത്രമല്ല, പരാതി ലഭിക്കാതെതന്നെ മന്ത്രാലയം നേരിട്ടു ശിപാർശ ചെയ്യുന്ന വിഷയങ്ങളും വിലയിരുത്തുവാനുള്ള അധികാരം ഭേദഗതിയിലൂടെ ഇന്റർ ഡിപ്പാർട്ട്മെന്റൽ സമിതിക്കു ലഭിക്കും.
ഇത്തരം ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്യാനോ പരിഷ്കരിക്കാനോ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും ഭേദഗതി അധികാരം നൽകുന്നുണ്ട്. കരട് ഭേദഗതികളിൽ ഈമാസം 14 വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം.
Editorial
പല രാജ്യങ്ങളും 16 വയസ് വരെയുള്ള കുട്ടികളെ സമൂഹമാധ്യമങ്ങളിൽ വിലക്കുന്നതിനിടെയാണ്, കുട്ടികളിലുൾപ്പെടെ ആസക്തിയുണ്ടാക്കുംവിധം പ്രവർത്തിക്കുന്നെന്ന കേസിൽ മെറ്റയ്ക്കും ഗൂഗിളിനും അമേരിക്കൻ കോടതി 56 കോടി രൂപയുടെ നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. നല്ലത്; പക്ഷേ, മലവെള്ളപ്പാച്ചിലിനെ ചിറ കെട്ടി തടയാൻ എത്രകാലം കഴിയുമെന്ന ചോദ്യവുമുണ്ട്. ഗൂഗിളും മെറ്റയും മേൽക്കോടതിയെ സമീപിക്കും. ഈ പിഴത്തുക അവർക്കു വലിയ സംഭവമായതുകൊണ്ടല്ല, കോടതി അധാർമികമെന്നു പറഞ്ഞ ആസക്തിനിർമിതി തന്നെയാണ് തങ്ങളുടെ കച്ചവടരഹസ്യമെന്നതിനാൽ.
സമൂഹമാധ്യമം ഒരു വ്യാപാരകേന്ദ്രമാണ്. ഇനിയൊരിക്കലും അടച്ചുപൂട്ടാനാകാത്ത ഈ ആഗോള സൂപ്പർ മാർക്കറ്റിന് അതിന്റേതായ വശീകരണതന്ത്രങ്ങളുമുണ്ട്. കുട്ടികളും എത്തുന്നതിനാൽ അവിടെ മിഠായിക്കടലാസിൽ പൊതിഞ്ഞ് തോക്ക് വിൽക്കരുതെന്നു പറയാൻ ഏറെക്കാലം കഴിഞ്ഞെന്നു വരില്ല. പക്ഷേ, കുട്ടികളെ അവിടേക്കു തനിച്ചു വിടാതിരിക്കാനും സ്ഫോടനാത്മക ഉള്ളടക്കത്തെക്കുറിച്ചു പഠിപ്പിക്കാനും സാധിക്കും; അതു മാത്രമേ സാധിക്കൂ.
അമിതമായ സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ ശാരീരിക-ബൗദ്ധിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നെന്ന യാഥാർഥ്യത്തിനു മുന്നിൽ ലോകം പകച്ചുനിൽക്കുന്പോഴാണ് ചരിത്രവിധിയുമായി അമേരിക്കയിലെ ലോസ് ആഞ്ചല്‍സ് കോടതിയെത്തിയത്. ചെറുപ്പം മുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം മൂലം തനിക്കു നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടി കലിഫോര്‍ണിയ സ്വദേശിനി കാലെ (20) യാണ് ഇന്‍സ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള്‍ എന്നിവയ്ക്കെതിരേ കോടതിയെ സമീപിച്ചത്. ഉള്ളടക്കത്തേക്കാൾ, സമൂഹമാധ്യമ ആപ്പുകൾ നിർമിച്ചിരിക്കുന്ന രീതിയാണ് ചോദ്യം ചെയ്യപ്പെട്ടത്.
കുട്ടികളുടെയും കൗമാരക്കാരുടെയും തലച്ചോറിനെ ചൂഷണം ചെയ്യുന്നതിനായി മനഃപൂർവം ‘ആസക്തി’ ഉളവാക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യുട്യൂബും രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി. ഇൻഫിനിറ്റ് സ്ക്രോൾ, അൽഗോരിതമിക് റെക്കമെന്റേഷൻസ് തുടങ്ങിയവ ആളുകളെ കൂടുതൽ സമയം സമൂഹമാധ്യമം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നെന്നും ഇത്തരം ഫീച്ചറുകൾ കാരണം താൻ വിഷാദരോഗിയായെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.
ലൈംഗികചൂഷണ സാധ്യതകൾ മറച്ചുവച്ചെന്നും പരാതിയിലുണ്ട്. കുട്ടികളെന്ന വ്യാജേന സമൂഹമാധ്യമ അക്കൗണ്ടുകൾ തുറന്ന അന്വേഷകർക്ക്, ലൈംഗിക കുറ്റവാളികളിൽനിന്നു തുടർച്ചയായ അപേക്ഷകൾ ലഭിച്ചിരുന്നു. ഇത്തരം അപകടങ്ങളുണ്ടെന്നറിഞ്ഞിട്ടും മെറ്റ ഉചിതമായ നടപടിയെടുത്തില്ലെന്നും തെളിഞ്ഞു. കുട്ടികളുടെ അനുഭവക്കുറവും മാനസികമായ പ്രത്യേകതകളും മുതലെടുക്കുന്ന ‘മനഃസാക്ഷിക്കു നിരക്കാത്ത’ കച്ചവടരീതികളാണു മെറ്റ പിന്തുടരുന്നത്, പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെക്കുറിച്ച് കന്പനി മേധാവികൾ തെറ്റായ പ്രസ്താവനകൾ നടത്തി തുടങ്ങിയ വാദങ്ങളാണു പ്രോസിക്യൂഷൻ ഉയർത്തിയത്.
എന്നാൽ, യുട്യൂബ് സമൂഹമാധ്യമമല്ലെന്നും ഉത്തരവാദിത്വത്തോടെ നിർമിച്ച സംപ്രേഷണ സംവിധാനത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും ഗൂഗിൾ വാദിച്ചപ്പോൾ, കൗമാരക്കാരുടെ സങ്കീർണമായ മാനസികാരോഗ്യ പ്രശ്നത്തെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാനാവില്ലെന്നു മെറ്റ വ്യക്തമാക്കി. ഒന്നുറപ്പാണ്. വിധിയെ മെറ്റയും ഗൂഗിളും സർവ സാധ്യതകളുമുപയോഗിച്ചു മേൽക്കോടതിയിൽ ചോദ്യം ചെയ്യും; അല്ലെങ്കിൽ ഏറ്റവും ലാഭകരവും ലോകത്തിന്റെ ഭാവി നിർണയിക്കുന്നതുമായ കച്ചവടത്തിന്റെ അടിത്തറയിളകും. കൊള്ളലാഭത്തിനുവേണ്ടി ധാർമികമൂല്യങ്ങളെ മറികടക്കുകയും വിൽപനസാധ്യതയുള്ളതു മാത്രം കണ്ടെത്തി ഉപയോക്താവിനെത്തിക്കുന്ന അൽഗോരിതത്തെ ‘അലാവുദ്ദീന്റെ അദ്ഭുതവിളക്കാ’ക്കുകയും ചെയ്യുന്ന കച്ചവടത്തിനു പരിധി നിശ്ചയിക്കാനുള്ള ശ്രമമാണ് കോടതി നടത്തിയിരിക്കുന്നത്. പക്ഷേ, ആ ശ്രമം ഭാവിയിലും ഫലം കാണുമെന്നുറപ്പില്ല.
കോവിഡ് കാലത്ത് സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ച സമൂഹമാധ്യമങ്ങളെയും പ്രക്ഷേപണ മാധ്യമങ്ങളെയുമൊന്നും ഇനി ഉപേക്ഷിക്കാനാകില്ല. കാരണം, ശാസ്ത്രവും വിജ്ഞാനവും പുരോഗതിയും വിനോദവുമൊക്കെ ഓൺലൈൻ-സമൂഹമാധ്യമ ചിറകുകളിലാണ് പറന്നുകൊണ്ടിരിക്കുന്നത്. വർഗീയതയും ഫാസിസവും ലൈംഗിക അരാജകത്വവുമൊക്കെ ഒപ്പം കയറിയെന്നതാണ് പ്രശ്നം. നിർമിതബുദ്ധിയുടെ പുതിയ പതിപ്പുകളോടെ സ്ഥിതി കൂടുതൽ രൂക്ഷമാകും. ഓൺലൈനിൽ സാന്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ വർധിച്ചു. യുദ്ധത്തിന് ആയാസം കുറയുകയും വിനാശം കൂടുകയും ചെയ്തു. മദ്യ-മയക്കുമരുന്ന് ആസക്തിയെപ്പോലും പ്രതിരോധിക്കാനാകാത്ത മനുഷ്യവംശം സമൂഹമാധ്യമ ആസക്തിയെ എങ്ങനെ നേരിടുമെന്നറിയാത്ത നാൽക്കവലയിലാണ്.
വാക്സിൻ കണ്ടുപിടിക്കുവോളം കാത്തിരിക്കാനാകില്ല. കൗമാരക്കാരെ സമൂഹമാധ്യമങ്ങളിൽ വിലക്കുന്ന ഓസ്ട്രേലിയൻ മാതൃക മറ്റു രാജ്യങ്ങളും പിന്തുടരണം. കുട്ടികളുടെ മാത്രമല്ല, മുതിർന്നവരുടെയും സമൂഹമാധ്യമ ഉപയോഗമേഖല ലക്ഷ്യബോധത്തോടെയാക്കുകയും ഉപയോഗസമയം നിയന്ത്രിക്കുകയും ചെയ്യണം. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കായികവിനോദ ഇടങ്ങളെ വീണ്ടെടുക്കണം. മാതാപിതാക്കൾ സ്മാർട്ഫോൺ താഴെവച്ച് മക്കളോടൊത്തു സമയം ചെലവഴിക്കണം. നിർമിതബുദ്ധികാലത്തെ കരിക്കുലം നിശ്ചയിക്കാൻ പാർട്ടി രാഷ്ട്രീയക്കാരെ മാറ്റി രാഷ്ട്രീയബോധമുള്ള വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കണം.
ഇന്റർനെറ്റും സമൂഹമാധ്യമവും മനുഷ്യന്റെ സൃഷ്ടിയാണെങ്കിൽ സ്രഷ്ടാവിനെ വിഴുങ്ങാതെ നോക്കാനും അവനു കഴിയണം. അല്ലെങ്കിൽ സമൂഹമാധ്യമങ്ങളുടെയും സർക്കാരിന്റെയും പിഴ ഇന്നു സമൂഹത്തിന്റെയും നാളെ മനുഷ്യവംശത്തിന്റെതന്നെയും വലിയ പിഴയാകും. ലോസ് ആഞ്ചൽസ് കോടതിവിധിയിൽ അതിന്റെ പ്രവചനമുണ്ട്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ സമൂഹമാധ്യമ ഉപയോഗത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നു പോലീസ് മുന്നറിയിപ്പ്.
സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ വരുന്ന മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ അഡ്മിന്മാര് കൃത്യമായി നിരീക്ഷിക്കണം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചു നിര്‍മിച്ച വ്യാജ വീഡിയോകള്‍, ഓഡിയോകള്‍ എന്നിവ പ്രചരിപ്പിക്കരുത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള എഐ- ജനറേറ്റഡ് എന്ന ലേബല്‍ ഇല്ലാത്ത സംശയാസ്പദമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കു നിയമനടപടികള്‍ നേരിടേണ്ടതായി വരും.
ജാതി, മതം, വര്‍ഗം, കമ്യൂണിറ്റി എന്നിവയുടെ പേരില്‍ വിഭാഗീയതയോ ശത്രുതയോ ഉണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. ബിഎന്‍എസ് 196 പ്രകാരം ഇതു കുറ്റകരമാണ്.
വോട്ടെടുപ്പു തീയതി, സ്ഥാനാര്‍ഥികള്‍, വര്‍ഗീയ സംഭവങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് തുടങ്ങുന്ന സൈലന്‍സ് പീരീഡില്‍ ഒരുവിധത്തിലുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങളും സമൂഹമാധ്യമങ്ങൾ വഴി നടത്തരുത്.
സമൂഹമാധ്യമ ഗ്രൂപ്പുകളിലെ ഓരോ അംഗത്തിന്റെയും പോസ്റ്റുകള്‍ക്ക് അഡ്മിന്മാര് നേരിട്ട് ഉത്തരവാദികളായിരിക്കില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: സർക്കാരിനെ വിമർശിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും വീഴ്ചകൾ തുറന്നുകാട്ടുകയും ചെയ്ത വിവിധ സമൂഹമാധ്യമ അക്കൗണ്ടുകൾ ഇന്നലെ കേന്ദ്ര നിർദേശത്താൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോൺഗ്രസ്.
പത്തോ പതിനായിരമോ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്താലും ചോദ്യങ്ങൾ ചോദിക്കുന്നവരെ കേന്ദ്രസർക്കാരിനു നിശബ്ദരാക്കാൻ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രിനതെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ നോയിഡയിൽ ഗ്യാസ് വിതരണം തടസപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ ഒരു ഉത്തർപ്രദേശ് യുട്യൂബറെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നും മോദിയെ വിമർശിക്കുന്ന ചിത്രമിട്ടതിനു കാരവൻ മാസികയുടെ ഒരു പോസ്റ്റ് നീക്കം ചെയ്യാൻ കേന്ദ്രത്തിൽനിന്ന് ഉത്തരവുണ്ടായെന്നും കോണ്‍ഗ്രസിന്റെ സമൂഹമാധ്യമ വിഭാഗത്തിന്റെ അധ്യക്ഷയായ സുപ്രിയ ശ്രിനതെ ചൂണ്ടിക്കാട്ടി.
സമൂഹമാധ്യമങ്ങളെ മുഴുവനായി നിയന്ത്രിക്കാനാണു കേന്ദ്രത്തിന്റെ ശ്രമം. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ-ആവിഷ്കാര സ്വാതനന്ത്ര്യത്തിനു നേരേയുള്ള ഏറ്റവും വലിയ ആക്രമണമാണിത്.
ഏതൊക്കെ അക്കൗണ്ടുകൾ നിലനിൽക്കണമെന്നതും നിരോധിക്കണമെന്നതും ഇപ്പോൾ കേന്ദ്രം തീരുമാനിക്കുമെന്ന തരത്തിലാണു സ്ഥിതിവിശേഷം നിലനിൽക്കുന്നത്.
ജനാധിപത്യം ഏറ്റവും വലിയ അപകടത്തിലാണെന്നും സുപ്രിയ ശ്രിനതെ വ്യക്തമാക്കി.
Business
കൊച്ചി: സംസ്ഥാനത്ത് എല്‍പിജി ക്ഷാമം മുതലെടുത്ത് ഗ്യാസ് സിലിണ്ടര്‍ വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് വ്യാപകം. ഇത്തരം സംഘങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്കി.
ഗ്യാസ് സിലിണ്ടറുകളുടെ കുറവ് കാരണം പലരും എല്‍പിജി ബുക്ക് ചെയ്യാന്‍ ഓണ്‍ലൈനില്‍ അടിയന്തരമായി അന്വേഷിക്കുന്ന സാഹചര്യമാണു നിലവിലുളളത്. ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പുകാര്‍ എസ്എംഎസ്, വാട്സാപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി വേഗത്തില്‍ എല്‍പിജി ലഭ്യമാക്കാമെന്നു പറഞ്ഞ് വ്യാജ ലിങ്കുകള്‍ അയയ്ക്കും.
ഇമ്മീഡിയറ്റ് ഗ്യാസ് സിലിണ്ടര്‍ ഡെലിവറി, എമര്‍ജന്‍സി എക്സ്ട്രാ സിലിണ്ടര്‍ സപ്ലൈ എന്നീ തലക്കെട്ടുകളോടെയാണ് തട്ടിപ്പുകാരുടെ രംഗപ്രവേശം. ബുക്ക് ചെയ്ത് മുന്‍കൂര്‍ പണമടച്ചാല്‍ ഉടന്‍ സിലിണ്ടര്‍ വീട്ടിലെത്തിക്കുമെന്നാണ് പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്ന്. അതിവേഗം എക്സ്ട്രാ സിലിണ്ടര്‍ നല്‍കാമെന്ന വാഗ്ദാനവുമുണ്ട്.
താത്പര്യമുണ്ടെന്ന് വാട്സാപ്പില്‍ മറുപടി നല്കിയാല് പിന്നെ പണം അടയ്ക്കാനുള്ള ലിങ്ക് അയച്ചുതരും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ തട്ടിപ്പുകാരന്റെ എപികെ ഫയല്‍ ഉപയോക്താവിന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ആകും. ഇതിലൂടെ ഉപയോക്താവിന്റെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരന്റെ കൈയിലാകും. എസ്എംഎസ് വഴിയും ഇത്തരം അജ്ഞാത ലിങ്കുകള്‍ നല്‍കിയാണു തട്ടിപ്പ്. പണം കൈക്കലാക്കിയാല്‍ ഉടന്‍ തട്ടിപ്പുകാര്‍ മുങ്ങും.
ഇത്തരത്തിലുള്ള സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം. അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെടാം. ഉപയോക്താവിന്റെ വാട്സാപ് അക്കൗണ്ട് തട്ടിപ്പുസംഘം കൈക്കലാക്കുകയും ചെയ്യും.
International
അബുദാബി: യുഎഇ ലക്ഷ്യമിട്ടുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ തെറ്റായ വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചതിനെത്തുടർന്ന് 16 ഇന്ത്യക്കാരുൾപ്പെടെ 35 പേർ അറസ്റ്റിൽ. യുഎഇ അറ്റോർണി ജനറൽ ഡോ. ഹമദ് സൈഫ് അൽ ഷംസി ഉത്തരവിട്ടതനുസരിച്ചാണ് ഇവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
ഇതിനു പുറമെ അബുദാബിയിൽ സമാന കുറ്റത്തിന് 45 പേരെക്കൂടി പോലീസ് പിടികൂടിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധനടപടികളെ ബാധിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചതിനും എഐ ഉപയോഗിച്ചു നിർമിച്ച വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനുമാണ് നടപടി.
പിടിയിലായവർക്കെതിരേ അതിവേഗ വിചാരണ നടപടികൾ ആരംഭിച്ചു.യുഎഇ നിയമപ്രകാരം കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം (ഏകദേശം 22.5 ലക്ഷം രൂപ) പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
മിസൈലുകൾ വീണ സ്ഥലങ്ങൾ ചിത്രീകരിക്കുന്നതും അവ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നതും കുറ്റകരമാണെന്ന് അറ്റോർണി ജനറൽ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത്തരം ദൃശ്യങ്ങൾ ശത്രുരാജ്യങ്ങൾക്ക് യുഎഇയുടെ പ്രതിരോധശേഷി മനസിലാക്കാൻ അവസരമൊരുക്കുമെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
Leader Page
കോട്ടയം: മൈക്കും കോളാമ്പിയും ചുമരെഴുത്തുമെല്ലാം അരങ്ങുവാണിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്തിന് വിട നൽകുകയാണ് രാഷ്ട്രീയ പാർട്ടികൾ. പുത്തൻകാലത്ത് സാങ്കേതിക വിദ്യകളുടെ സഹായത്താൽ ന്യൂജെൻ പ്രചാരണരീതികൾക്കാണ് പാർട്ടികൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലും പരാമാവധി വോട്ടുറപ്പിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണ രീതികൾ ശക്തമാക്കുകയാണ് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും.
പ്രായമറിഞ്ഞുള്ള പ്രചാരണം
പതിവിൽനിന്ന് വ്യത്യസ്തമായി എല്ലാ പാർട്ടികളും ഇക്കുറി സമൂഹമാധ്യമങ്ങൾ വഴിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കൂടുതൽ പണം വിനിയോഗിക്കുന്നത്. പരമ്പരാഗത പ്രചാരണ ശൈലികളേക്കാൾ കൂടുതൽ ആളുകളിലേക്ക് വേഗമെത്താൻ കഴിയുമെന്നതാണ് ഇത്തരം പ്രചാരണങ്ങളുടെ പ്രത്യേകത.
ഓരോ പ്രായവിഭാഗത്തിൽപ്പെട്ടവരും ഏറ്റവുമധികം ഉപയോഗിക്കുന്ന സമൂഹമാധ്യമം ഏതെന്ന് തിരിച്ചറിഞ്ഞാണ് പ്രചാരണം. തെരഞ്ഞെടുപ്പിന് നാളുകൾക്ക് മുമ്പുതന്നെ ഓരോ പ്രായവിഭാഗവും ഉപയോഗിക്കുന്ന സമൂഹമാധ്യമങ്ങൾ ഏതെന്ന് തിരിച്ചറിഞ്ഞുള്ള തയാറെടുപ്പുകൾ പാർട്ടികൾ തുടങ്ങിയിരുന്നു.
യൂത്തിനായി ഇൻസ്റ്റ
18നും 25നും ഇടയിലുള്ള യുവവോട്ടർമാർ അധികവും സമയം ചെലവഴിക്കുന്നത് ഇൻസ്റ്റാഗ്രാമിലാണ്. അതിനാൽ ഇൻസ്റ്റാഗ്രാം വഴിയാണ് ഇത്തരം വോട്ടർമാരിലേക്ക് രാഷ്ട്രീയ പാർട്ടികൾ കടന്നുചെല്ലുന്നത്. റീൽസാണ് ഈ പ്രായക്കാരിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നതെന്നാണ് കാമ്പയിൻ നടത്തുന്നവർ ചൂണ്ടിക്കാട്ടുന്നത്. അധികം രാഷ്ട്രീയം പറയാത്ത വികസനപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന റീൽസ് ഇത്തരക്കാരിൽ സ്വാധീനം സൃഷ്ടിക്കുന്നു.
സാധാരണ റീൽസ് മുതൽ പതിനായിരങ്ങൾ മുടക്കി ഡ്രോൺ സംവിധാനങ്ങളും മറ്റ് ആധൂനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ചുള്ള റീൽസുകൾ വരെ പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. ഷോർട്ട് വീഡിയോയിലൂടെ പരാമവധി വൃത്യസ്തതയാണ് മുന്നോട്ടുവയ്ക്കുന്നത്.
അതേസമയം, എഐ നിർമിത വീഡിയോകൾക്ക് യുവാക്കൾക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിയുന്നില്ലെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. കൃത്രിമത്വം ഇല്ലാത്ത റീൽസാണ് വേഗത്തിൽ ഈ പ്രായക്കാരിൽ സ്വാധീനം ചെലുത്തുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
26നും 45നും ഇടയിലുള്ളവരെ ആകർഷിക്കാൻ ഇൻസ്റ്റാഗ്രാമിനൊപ്പം ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളെയും പാർട്ടികൾ ഉപയോഗിക്കുന്നു. ഫേസ് ബുക്കിലുടെ കാമ്പയിൻ വീഡിയോസ്, യൂട്യൂബ് ചാനലുകൾ വഴിയുള്ള സ്ഥാനാർഥികളുടെ അഭിമുഖങ്ങൾ, ഫേസ്ബുക്ക് ഗ്രൂപ്പുകൾ വഴിയുള്ള പ്രചാരണം തുടങ്ങിയവയാണ് ഇവിടെ ഉപയോഗിക്കുന്നത്.
മുഖ്യം വാട്സാപ്പ്
മറ്റെല്ലാ സമൂഹമാധ്യമങ്ങളേക്കാൾ ഉപരിയായി വാട്സ് ആപ്പാണ് ഇപ്പോൾ പ്രചാരണത്തിനായി പാർട്ടികൾ ഏറ്റവുമധികം ഉപയോഗിക്കുന്നത്. മറ്റ് സമൂഹമാധ്യമങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത ഇടങ്ങളിലേക്കും വാട്സ് ആപ്പിന് എത്തിച്ചേരാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രധാനമായും 45 വയസിന് മുകളിലുള്ളവരെയാണ് വാട്സ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്.
ചെറു വീഡിയോകൾ മുതൽ പോസ്റ്റർ, ലേഖനങ്ങൾ തുടങ്ങി സകലപ്രചാരണ തന്ത്രങ്ങളും വാട്സ് ആപ്പിലൂടെ ഉപയോഗിക്കുന്നുണ്ട്. ഇത്തവണ മിക്ക പാർട്ടികളും തങ്ങളുടെ കാമ്പയിനുകൾ പ്രചരിപ്പിക്കുന്നതിന് 50 മുതൽ 80 അംഗങ്ങളുള്ള പതിനായരത്തോളം വാട്സ് ആപ്പ് ഗ്രൂപ്പുകളാണ് സൃഷ്ടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഒരു പ്രത്യേക വിഷയം ട്രെൻഡാക്കി അത് സംബന്ധിച്ചുള്ള പ്രചാരണം ശക്തമാക്കാനാണ് ഇത്തരം ഗ്രൂപ്പുകൾ സൃഷ്ടിച്ചിരിക്കുന്നത്.
തന്ത്രങ്ങൾ മെനയാൻ വൻ ടീം
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതലാണ് രാജ്യത്ത് സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണം ശക്തമായത്. ഇന്ന് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരുടേതായ സോഷ്യൽ മീഡിയ സെല്ലുകൾ നിലവിലുണ്ട്. രാജ്യം ഭരിക്കുന്ന ബിജെപിക്ക് തങ്ങളുടെ ദേശീയ തലത്തിലുള്ള സോഷ്യൽ മീഡിയ സെല്ലിൽ 150ലധികം കണ്ടന്റ് ക്രിയേറ്റേഴ്സ് ശന്പളാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് എല്ലാ മുന്നണികൾക്കും തങ്ങളുടേതായ സോഷ്യൽ മീഡിയ ടീം ഇതിനോടകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കണ്ടന്റ് ക്രിയേറ്റ്ഴ്സ്, വീഡിയോ എഡിറ്റർമാർ, പോസ്റ്റർ ഡിസൈനർമാർ അടക്കം നിരവധിയാളുകളാണ് ഇതിനായി പ്രവർത്തിക്കുന്നത്.
Sports
ലണ്ടൻ: ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) ട്വന്റി-20 ക്രിക്കറ്റ് ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സഹ ഉടമ കാവ്യാ മാരന് എതിരേ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം.
പാക്കിസ്ഥാൻ ലെഗ് സ്പിന്നർ അബ്രാർ അഹമ്മദിനെ ദ ഹൺഡ്രഡ് ടൂർണമെന്റിനുള്ള ലേലത്തിൽ സൺറൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയതാണ് വിമർശനത്തിന് വഴിയൊരുക്കിയത്. ലേലത്തിൽ പങ്കെടുത്ത മറ്റൊരു പാക്കിസ്ഥാൻ താരം ഉസ്മാൻ താരിഖിനെ അമേരിക്കൻ ഉടമസ്ഥതയിലുള്ള ബിർമിംഗ്ഹാം ഫീനിക്സ് സ്വന്തമാക്കി.
ഹൈദരാബാദിന്റെ 2026 സീസണിലെ മത്സരങ്ങൾ ബഹിഷ്കരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. 2026 ഐപിഎൽ സീസണിലെ ഉദ്ഘാടന മത്സരം നിലവിലെ ചാന്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും സൺറൈസേഴ്സും തമ്മിലാണ്.
ദ ഹണ്ട്രഡ് ലേലത്തിൽ ഐപിഎൽ ടീമുകളുടെ ഉടമസ്ഥതയിലുള്ള എംഐ ലണ്ടൻ, മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്, സണ്‍റൈസേഴ്സ് ലീഡ്സ്, സതേണ്‍ ബ്രേവ് എന്നിവ പാക് താരങ്ങളെ ടീമിലെടുക്കില്ലെന്നായിരുന്നു സൂചന.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ശത്രുതയുടെ പശ്ചാത്തലത്തിൽ, 2009 മുതൽ പാക് താരങ്ങർ ഐപിഎല്ലിൽ ഇടം നേടിയിട്ടില്ല.
National
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വ്യാജ ഉള്ളടക്കം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് 2023ലെ ഐടി നിയമത്തിലെ ഭേദഗതികൾ റദ്ദാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി മൂന്നംഗ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഭേദഗതി ഭരണഘടനാവിരുദ്ധമെന്നു വിശേഷിപ്പിച്ച 2024 ലെ ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി നടപടി.
ഓണ്‍ലൈൻ മാധ്യമങ്ങളിലെ വ്യാജ ഉള്ളടക്കം തിരിച്ചറിയുന്നതിനായി മുന്നോട്ടുവച്ച വസ്തുതാ പരിശോധന യൂണിറ്റുകളുടെ (ഫാക്ട് ചെക്ക് യൂണിറ്റുകളുടെ) സാധുത സംബന്ധിച്ച് പ്രധാന ചോദ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇന്നലത്തെ വാദത്തിനിടയിൽ നിരീക്ഷിച്ചു. ഭരണഘടനാമൂല്യങ്ങളിൽ വിട്ടുവീഴ്ച നടത്താതെ സന്തുലിതാവസ്ഥ നിലനിർത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതിന്റെ ആവശ്യകത ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. ബോംബൈ ഹൈക്കോടതി ഉത്തരവിനെതിരേ കേന്ദ്രസർക്കാരാണു സുപ്രീംകോടതിയെ സമീപിച്ചത്.
ഒരു നർമമോ ആക്ഷേപഹാസ്യമോ വിമർശനമോ അടിച്ചമർത്താൻ ഉദ്ദേശ്യമില്ലെന്ന് കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. അതേസമയം ഫാക്ട് ചെക്ക് യൂണിറ്റുകളുടെ സാധുതയാണു ചോദ്യം ചെയ്തതെന്ന് നിയമത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുണാൽ കമ്രയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്തർ വ്യക്തമാക്കി. എന്നാൽ ചില ഓണ്‍ലൈൻ മാധ്യമങ്ങളുടെ പ്രവർത്തനരീതി അപകടകരമാണെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. ദേശീയ നയത്തിനെതിരായ ചില വ്യാജവാർത്തകൾ ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം പറഞ്ഞത്.
2023ലെ ഐടി നിയമത്തിലെ ഭേദഗതിയാണു ബോംബൈ ഹൈക്കോടതിക്കു പിന്നാലെ സുപ്രീംകോടതിയിലും വെല്ലുവിളിക്കപ്പെടുന്നത്. നിയമപ്രകാരം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്ത ഫാക്ട് ചെക്ക് യൂണിറ്റ് കണ്ടെത്തിയാൽ അതത് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഉള്ളടക്കം നീക്കം ചെയ്യണം. ഇതിലെ ഭരണഘടനാ സാധുതയാണ് സുപ്രീംകോടതി ഇനി പരിശോധിക്കുക.
Kerala
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നും ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും ഇടപെടേണ്ടെന്നും ഗണേഷ്കുമാർ പറഞ്ഞു. പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവർക്കുമുണ്ട്. അത് ഇനിയും തുടരും. ഞാനൊരു മികച്ച പൊതു പ്രവർത്തകനാണ്. ഇന്നേവരെ അഴിമതി ചെയ്തിട്ടില്ല.
പത്തനാപുരത്തുകാർ ഇത് വിശ്വസിക്കില്ല. എന്റെ എക്സ്റേ അവർക്ക് അറിയാം. വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളിൽ തന്നെ ശത്രുക്കൾ ഉണ്ട്. തന്റെ ഭാഗത്തു നിന്ന് മാന്യതയില്ലാത്ത പെരുമാറ്റം ഒരു സ്ത്രീക്കും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്ക്കെതിരെയും ഗണേഷ്കുമാർ പ്രതികരിച്ചു. തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ തന്റെ ഭൂരിപക്ഷം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
വട്ട് മൂത്താൽ ആരും പരാതിപ്പെടും. എനിക്കും വേണമെങ്കിൽ പരാതിപ്പെടാം. ഇക്കാര്യത്തിൽ ഇടപെടാൻ ആർ. ശ്രീലേഖ ആരാണ്? മേയർ സ്ഥാനം കിട്ടാത്തതിന്റെ കൊതിക്കെറുവാണ് അവർ തീർക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.
National
അമരാവതി/ബംഗളൂരു: ഓസ്ട്രേലിയയും ഇന്തോനേഷ്യയും ഉൾപ്പെടെ വിദേശരാജ്യങ്ങളുടെ മാതൃകയിൽ കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതു നിരോധിക്കാൻ ആന്ധ്രയും കർണാടകയും.
രാജ്യത്ത് ആദ്യമായാണു രണ്ട് സംസ്ഥാനങ്ങൾ ഇത്തരമൊരു നിയമനിർമാണത്തിലേക്കു നീങ്ങുന്നത്.
ആന്ധ്രയിൽ പതിമൂന്നു വയസിനു താഴെയുള്ള കുട്ടികൾക്കാണു നിരോധനമെങ്കിൽ കർണാടകയിൽ 16 വയസിനുതാഴെയുള്ളവർക്കാണു വിലക്ക്. 16 വയസുവരെയുള്ളവർക്കു നിരോധനം കൊണ്ടുവരണമോ എന്ന് ചർച്ചകളിലൂടെ തീരുമാനിക്കുമെന്ന് തെലുങ്കുദേശം (ടിഡിപി) നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ പറഞ്ഞു.
90 ദിവസത്തിനുള്ളിൽ തീരുമാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു നിയമസഭയിൽ പറഞ്ഞു.
സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക-ശാരീരിക പ്രശ്നങ്ങൾ പരിഗണിച്ചാണു തീരുമാനം.
International
ജക്കാർത്ത: ഓസ്ട്രേലിയയ്ക്കു പിന്നാലെ കുട്ടികളുടെ സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിനു വിലക്കേർപ്പെടുത്താനൊരുങ്ങി ഇന്തോനേഷ്യ.
16 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് യുട്യൂബ്, ഫേസ്ബുക്ക്, ടിക്ടോക്, ഇൻസ്റ്റഗ്രാം, എക്സ്, റോബ്ലോക്സ് അടക്കമുള്ള മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനുവിലക്കേർപ്പെടുത്തുന്നത്.
ഈ മാസം 28 മുതൽ ഇതുസംബന്ധിച്ചുള്ള നിയമം പ്രാബല്യത്തിൽ വരുമെന്ന് വാർത്താവിനിമയ വകുപ്പ് മന്ത്രി മ്യൂട്ട്യ ഹാഫിദ് പറഞ്ഞു. സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നു മന്ത്രി വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്തവരുടെ സുരക്ഷയിലും മാനസികാരോഗ്യത്തിലും സമൂഹമാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിലാണു സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തതെന്നും മന്ത്രി പറഞ്ഞു.
Viral
ഇന്റർനെറ്റ് ലോകത്ത് ഓരോ ദിവസവും പുതിയ ഡേറ്റിംഗ് പദങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന 'ആൽപൈൻ ഡിവോഴ്സ്' എന്ന വാക്ക് കേവലം ഒരു തമാശയല്ല, മറിച്ച് പ്രണയബന്ധങ്ങളിലെ വലിയൊരു അപകടസൂചനയെയാണ് ഇത് അടയാളപ്പെടുത്തുന്നത്.
വിവാഹമോചനം എന്ന വാക്കുണ്ടെങ്കിലും ഇത് നിയമപരമായ വേർപിരിയലല്ല. സാഹസിക യാത്രകൾക്കിടയിലോ മലകയറ്റത്തിനിടയിലോ തന്റെ പങ്കാളിയെ ഒറ്റയ്ക്കാക്കി മറ്റൊരാൾ മുന്നോട്ട് പോകുന്ന പ്രവണതയെയാണ് 'ആൽപൈൻ ഡിവോഴ്സ്' എന്ന് വിളിക്കുന്നത്. കൂടെയുള്ള ആൾക്ക് ശാരീരികമായ ബുദ്ധിമുട്ടുകളോ വേഗതക്കുറവോ ഉണ്ടെന്ന് അറിഞ്ഞിട്ടും, അവരെ സഹായിക്കാതെ സ്വന്തം ലക്ഷ്യത്തിനായി തനിച്ചാക്കി പോകുന്നതാണ് ഈ രീതി.
ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലും നിരവധി യുവതികൾ തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവെച്ചതോടെയാണ് ഈ വാക്ക് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരു യാത്രയ്ക്കിടയിൽ തന്റെ കാമുകൻ തന്നെ തനിച്ചാക്കി പോയെന്നും, തനിക്ക് എന്ത് സംഭവിക്കുമെന്ന് അയാൾ ആലോചിച്ചില്ലെന്നും കരഞ്ഞുകൊണ്ട് ഒരു യുവതി പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇതോടെയാണ് "യാത്രകളിൽ കൂടെ നിൽക്കാത്ത പങ്കാളി ജീവിതത്തിലും വിശ്വസിക്കാൻ കൊള്ളാത്തവനാണ്" എന്ന ചർച്ച സജീവമായത്.
1893-ൽ പുറത്തിറങ്ങിയ റോബർട്ട് ബാറിന്റെ 'ആൻ ആൽപൈൻ ഡിവോഴ്സ്' എന്ന ചെറുകഥയിൽ നിന്നാണ് ഈ പേര് കടമെടുത്തത്. സ്വിസ് മലനിരകളിൽ ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിക്കുന്ന ഭർത്താവിന്റ കഥയായിരുന്നു അത്. ഇന്ന് നൂറ്റാണ്ടുകൾക്ക് ശേഷം അതേ വാക്ക് ഒരു നവീന ഡേറ്റിംഗ് മുന്നറിയിപ്പായി വീണ്ടും തിരിച്ചെത്തിയിരിക്കുന്നു.
National
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളോടും അവർ ചെയ്യുന്ന നല്ല പ്രവൃത്തികളും സാമൂഹ്യ പ്രവർത്തങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാൻ നിർദേശം.
പോലീസിലുള്ള ജനങ്ങളുടെ വിശ്വാസം വളർത്തിയെടുക്കുന്നതിനും പ്രതിച്ഛായ വർധിപ്പിക്കുന്നതും ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റേതാണു (ബിപിആർഡി) നിർദേശം. സ്വീകരിച്ച നടപടികൾ സംബന്ധിച്ച എല്ലാ മാസവും റിപ്പോർട്ട് സമർപ്പിക്കുകയും വേണം.
സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നവർ, സാമൂഹിക പ്രവർത്തകർ എന്നിവരുമായുള്ള ഇടപഴകൽ, പ്രചാരണത്തിനുള്ള നൂതന രീതികൾ, നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയവ റിപ്പോർട്ടിൽ സമർപ്പിക്കണം. പദ്ധതിയുടെ നടത്തിപ്പ് കൃത്യമായി പരിശോധിക്കുന്നതിനാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്.
Kerala
കുത്താട്ടുകുളം: കാക്കൂർ അമ്പലപ്പടിയിൽ മധ്യവയസ്കനെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. കാക്കൂർ നാട്ടകശേരിൽ സുധീഷ് സുധാകരനെ (45) ആണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. കാക്കൂർ കല്ലുവളവിങ്കൽ സുരേഷിനാണ് വെട്ടേറ്റത്.
കുടുംബസമേതം യാത്ര ചെയ്തിരുന്ന സുരേഷിന്റെ ബൈക്ക് തടഞ്ഞു നിർത്തിയാണ് സുധീഷ് ആക്രമിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ആമ്പശേരി കാവിന് അടുത്തുവച്ചാണ് സംഭവം. സുരേഷിന്റെ കൈയിൽ വാക്കത്തി ഉപയോഗിച്ച് വെട്ടേറ്റിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട് സുധീഷും പരിക്കേറ്റ സുരേഷും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്. സുരേഷിന്റെ പരാതിയെ തുടർന്ന് സ്ഥലത്ത് ഫോറൻസിക് സംഘം എത്തി പരിശോധന നടത്തി. അറസ്റ്റിലായ സുധീഷിനെ റിമാൻഡ് ചെയ്തു.
Business
തിരുവനന്തപുരം: കേരളത്തിലൂടെയുള്ള യാത്ര അതിന്റെ പൂർണതയിൽ ആസ്വദിക്കുന്നതിനു വേണ്ടി അന്താരാഷ്ട്ര പ്രചാരണവുമായി കേരള ടൂറിസം. യാത്ര ആസ്വദിക്കൂ, പിന്നീട് പോസ്റ്റ് ചെയ്യൂ’ (ട്രാവൽ നൗ, പോസ്റ്റ് ലേറ്റർ) എന്ന ഡിജിറ്റൽ പ്രചാരണത്തിനു തുടക്കമായി. സംസ്ഥാനത്തിന്റെ തനതു പ്രകൃതി സൗന്ദര്യവും പൈതൃകവുമെല്ലാം മനസറിഞ്ഞ് ആസ്വദിക്കുന്നതിനായാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളിൽ ലൈക്കും ഷെയറും കിട്ടാൻവേണ്ടി മാത്രമായി വിനോദയാത്രകൾ ഒതുങ്ങിപ്പോകുന്നതു നിരുത്സാഹപ്പെടുത്തുന്നതിനും യഥാർഥ യാത്രാനുഭവം അറിയുന്നതിനുമാണു പുതിയ പ്രചാരണ പരിപാടി. ആഗോളതലത്തിൽ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യാൻവേണ്ടി മാത്രമായി യാത്രകൾ ഒതുങ്ങിപ്പോകുന്ന രീതി വ്യാപകമാകുകയാണ്. സമൂഹമാധ്യമ ഉള്ളടക്കത്തിനുവേണ്ടി മാത്രമായി യാത്രകൾ മാറുന്പോൾ സ്ഥലങ്ങൾ, ജനത, അനുഭവങ്ങൾ എന്നിവ നഷ്ടമാവുകയാണ്.
എന്നാൽ വൈകാരികമായി യാത്രകളെ കാണുന്നവരും ഉയർന്നുവരുന്നുണ്ട്. സാർഥകവും സൗഖ്യകേന്ദ്രീകൃതവുമായ യാത്രാനുഭവം ആഗ്രഹിക്കുന്നവരും വർധിച്ചുവരുന്നുണ്ട്. ഈ സാധ്യത പൂർണമായും ഉപയോഗപ്പെടുത്താനായാണ് കേരള ടൂറിസം യാത്ര ആസ്വദിക്കൂ, പിന്നീട് പോസ്റ്റ് ചെയ്യൂ എന്ന പ്രചാരണവുമായി മുന്നോട്ടു വരുന്നത്.
ഇതിനായി https:// travelnow postlater.com എന്ന മൈക്രോസൈറ്റും പുറത്തിറക്കിയിട്ടുണ്ട്. ഈ പ്രമേയത്തെ പിന്തുണയ്ക്കുന്ന സേവനങ്ങൾ മൈക്രോസൈറ്റ് വഴി ലഭ്യമാക്കും.
Kerala
കൊച്ചി: ചോറ്റാനിക്കരയിൽ 16 വയസുകാരി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതെന്ന് കരുതുന്ന ബ്ലാക്ക് വെനം എന്ന അക്കൗണ്ടിന്റെ വിവരങ്ങൾ പുറത്തുവന്നു. കൊറിയൻ ചിത്രങ്ങളടക്കം ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്കൂളില്‍ ഒരു വിദ്യാര്‍ഥി ഫോണ്‍ കൊണ്ടുവരുമെന്നും മറ്റ് വിദ്യാര്‍ഥികള്‍ ഒരേ ഫോണില്‍ ഒന്നിലേറെ അക്കൗണ്ടുകള്‍ തുറന്നതിന് തെളിവുണ്ടെന്നും പലതും ദുരൂഹമാണെന്നും പോലീസ് പറയുന്നു.
ഫൊറന്‍സിക് പരിശോധനയിൽ ഒരു ഫോണില്‍ നിന്നും തുറന്നത് എട്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ്. ഇതിന്റെ ലോഗ് ഇന്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ സൈബർ പരിശോധനകൾ നടന്നുവരികയാണ്.
ജനുവരി 27ന് രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ആദിത്യയെ ഒമ്പതോടെ വീടിനടുത്തുള്ള പാറമടയില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ മഹേഷിന്റെ ഏകമകളായിരുന്നു ആദിത്യ. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയന്‍ ബാന്‍ഡ് അംഗം മരിച്ചതിലുള്ള മനോവിഷമമാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.
Kerala
ചങ്ങനാശേരി: സമൂഹമാധ്യമങ്ങളുടെ ഉപയോഗത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ അധ്യാപകർക്കു കഴിയണമെന്ന് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാർ തോമസ് തറയില്‍. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തിനു തുടക്കംകുറിച്ചു കുന്നന്താനം സെഹിയോനില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.
അധ്യാപനത്തെ തൊഴില്‍ മാത്രമായി കാണാതെ ദൈവനിയോഗമായി കണ്ട് വിദ്യാര്‍ഥികളുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്കായി പ്രവര്‍ത്തിക്കാന്‍ അധ്യാപക സമൂഹത്തിനു കഴിയണമെന്നും മാർ തോമസ് തറയില്‍ പറഞ്ഞു. ന്യൂനപക്ഷ അവകാശപോരാളിയെന്ന പേരിലറിയപ്പെടുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തലിന്റെ കബറിടത്തില്‍നിന്ന് ഛായാചിത്ര പ്രയാണം ആരംഭിച്ചതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് പതാക സംസ്ഥാന പ്രസിഡന്റ് ടോം മാത്യുവിന് കൈമാറി ഫ്ളാഗ്ഓഫ് ചെയ്തു. പ്രയാണം കുന്നന്താനം സെഹിയോനില്‍ എത്തിച്ചേര്‍ന്നതോടെ സംസ്ഥാന പ്രസിഡന്റ് ടോം മാത്യു പതാക ഉയര്‍ത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ. ജോണി അധ്യക്ഷത വഹിച്ചു. ഡോ. അജു കെ. നാരായണന് സെമിനാര്‍ നയിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ആന്റണി അറയ്ക്കല്‍, ചങ്ങനാശേരി അതിരൂപത വികാരിജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോബി മൂലയില്‍, ഡോ. ജിഷമോള്‍ അലക്സ്, കെ.ജി. സാബു, സി.ജെ. ആന്റണി, സുബാഷ് മാത്യു, ബിജു പി.ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന സമൂഹമാധ്യമ ആസക്തി സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്.
കുട്ടികൾക്കായി കർശനമായ സോഷ്യൽ മീഡിയ നിയന്ത്രണ നിയമം വേണമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിലാണ് പൊതുജനാഭിപ്രായം തേടുന്നത്.
കുട്ടികളുടെ സുരക്ഷിതമായ ഭാവി ഉറപ്പുവരുത്താൻ എല്ലാവരുടെയും ക്രിയാത്മകമായ നിർദേശങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
Kerala
കണ്ണൂർ: പോലീസ് സേനയിലുള്ളവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും കമന്റുകളുമിടുന്നതിൽ ജാഗ്രത പുലർത്തണമെന്നും കക്ഷി രാഷ്ട്രീയ പോസ്റ്റുകളോ കമന്റുകളോ പാടില്ലെന്നുമുള്ള സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തിന് വിരുദ്ധമായുള്ള എസ്ഐയുടെ നിലപാട് പോലീസ് സേനയിൽ ചർച്ചയാകുന്നു.
കണ്ണൂർ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ എസ്ഐ സിനിലാലാണ് പയ്യന്നൂരിലെ സിപിഎം നേതാവായിരുന്ന വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ടുള്ള ഒരു ഓൺലൈൻ മാധ്യമത്തിന്റെ കമന്റ് ബോക്സിൽ രാഷ്ട്രീയ നിലപാടുകളോടു കൂടിയുള്ള കമന്റിട്ടത്. പോലീസ് സേനാംഗങ്ങൾ ഉൾപ്പടെയുള്ള സർക്കാർ ജീവനക്കാർക്ക് സജീവ രാഷ്ട്രീയം പാടില്ലെന്ന് സർവീസ് റൂൾ ഉണ്ടായിരിക്കെയാണ് എസ്ഐയുടെ രാഷ്ട്രീയ കമന്റ്.
സിനിലാൽ സിപിഎമ്മിന്റെ രാഷ്ട്രീയ ന്യായീകരണ തൊഴിലാളിയായി പ്രവർത്തിക്കുകയാണെന്നാണ് സേനയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. സേനയിലിരിക്കെ പോലീസ് ഉന്നതന്റെ മനുഷ്യത്വരഹിത നിലപാടുകൾ ഫേസ്ബുക്കിൽ കുറിപ്പായി ഇട്ട പോലീസുകാരനെ സർവീസിൽനിന്നു പിരിച്ചുവിട്ട പശ്ചാത്തലം സേനയിലുണ്ടെന്നിരിക്കെ കണ്ണൂരിലെ എസ്ഐയുടെ നിലപാടുകൾക്ക് ഉന്നതർ കണ്ടില്ലെന്നു നടിക്കുകയാണെന്നും ആക്ഷേപമുണ്ട്.
Kerala
തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ സമൂഹമാധ്യമ ഇൻഫ്ളുവൻസറായ രാഹുൽ ഈശ്വറിനു കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതു കോടതി മാറ്റി.
പരാതിക്കാരി പോലീസിനു നൽകിയ രണ്ടാമത്തെ പരാതിയുടെ പകർപ്പു പ്രതിഭാഗത്തിന് നൽകിയില്ലെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണു വാദം പറയുന്നതു കോടതി മാറ്റിയത്.
അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അധിക്ഷേപിക്കാൻ ശ്രമിച്ചു എന്നും ഇത് അതിജീവിതയെ ഭയപ്പെടുത്തതിനു തുല്യമാണെന്നുമാണ് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.
Tech
വാഷിംഗ്ടൺ: ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് ഉപയോക്താ ക്കൾക്കായി പ്രീമിയം സബ്സ്ക്രിപ്ഷനുകൾ പരീക്ഷിക്കാൻ മെറ്റ ഒരുങ്ങുന്നു. പണമടച്ചുള്ള സേവനങ്ങളിലെ കമ്പനിയുടെ ഏറ്റവും പുതിയ പരീക്ഷണമാണിത്. ആർട്ടിഫിഷൽ ഇന്റലിജൻസ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക ഫീച്ചറുകൾ ഈ പുതിയ സേവനത്തിലൂടെ ലഭ്യമാകും.
ഇതിനൊപ്പം പ്ലാറ്റ്ഫോമുകളുടെ അടിസ്ഥാന സേവനങ്ങൾ സൗജന്യമായും ഉപയോഗിക്കാം. വേരിഫൈഡ് അക്കൗണ്ടുകളിൽനിന്നു വ്യത്യസ്തമായിരിക്കും ഇത്തരം അക്കൗണ്ടിൽ ലഭ്യമാകുന്ന സേവനങ്ങൾ. സാധാരണ അക്കൗണ്ട് ഉടമകൾക്കു ലഭിക്കാത്ത പല എക്സ്ക്ലൂസീവ് ഫീച്ചറുകളും പ്രീമിയം ഉപയോക്താക്കൾക്കു ലഭിക്കും.
മാനുസ് എഐ
വൈബ്സ് വീഡിയോ ജനറേഷൻ ആപ്പ് പോലുള്ള ഫീച്ചറുകൾക്കായി സബ്സ്ക്രിപ്ഷനുകൾ പരീക്ഷിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. പുതിയ എഐ വിഷ്വൽ ക്രിയേഷൻ ടൂളുകൾ ഉപയോഗിച്ചു നിങ്ങളുടെ ആശയങ്ങൾക്കു ജീവൻ നൽകാൻ ഇതിനു സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. മെറ്റ എഐ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പായ മെറ്റ വൈബ്സ് സെപ്റ്റംബറിലാണ് പ്രഖ്യാപിച്ചത്. ഡിസംബറിൽ ഏകദേശം 200 കോടി ഡോളറിനു വാങ്ങാൻ ധാരണയായ ചൈനീസ് എഐ കമ്പനിയുടെ മാനുസ് എഐ, സേവനങ്ങളും തങ്ങളുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ ഉൾപ്പെടുത്താൻ മെറ്റ ലക്ഷ്യമിടുന്നു. ബിസിനസുകൾക്കായി മാനുസ് എഐയുടെ സേവനങ്ങൾ മെറ്റ തുടർന്നും ലഭ്യമാക്കും.
കൂടുതൽ കഴിവുകൾ
ചൈനയിൽനിന്നു സിംഗപ്പൂരിലേക്ക് ആസ്ഥാനം മാറ്റിയ മാനുസ്, പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന ഏജന്റാണെന്ന് അവകാശപ്പെടുന്നുണ്ട്. പല ചാറ്റ്ബോട്ടുകളെ പോലെ ആഗ്രഹിച്ച ഉത്തരം നല്കുന്നതിനു വീണ്ടും വീണ്ടും നിർദേശങ്ങൾ നല്കുന്നതു പോലെയല്ല മാനുസിന്റെ സേവനം. ഉപയോക്താവിന്റെ നിർദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ സ്വയം ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും പൂർത്തിയാക്കാനും പ്രാപ്തമാണ് മാനനുസ് എഐ എന്നു കമ്പനി പറഞ്ഞിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കു പ്രതിമാസ ഫീസോടെ ബ്ലൂ ടിക്ക് നൽകുന്ന പെയ്ഡ് വെരിഫിക്കേഷൻ സേവനം 2023ൽ മെറ്റ ആരംഭിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പേരും ചിത്രവും ദുരുപയോഗം ചെയ്തു വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ അടങ്ങിയ പോസ്റ്റുകൾ തനിക്കെതിരേ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി.
ക്ഷേമപെൻഷൻ, ലൈഫ് പദ്ധതി എന്നിവയുമായി ബന്ധപ്പെട്ടു ചില സോഷ്യൽ മീഡിയ ഹാൻഡിലുകൾ സത്യവിരുദ്ധമായ കാര്യങ്ങൾ താൻ പറഞ്ഞെന്ന വ്യാജേന പ്രചരിപ്പിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വ്യക്തിഹത്യ നടത്തുകയും അതിലൂടെ വോട്ടർമാരെ സ്വാധീനിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് വ്യാജപ്രചാരണത്തിനു പിന്നിൽ.
അടിസ്ഥാന രഹിതമായ പ്രചാരണം നടത്തിയവർക്കെതിരെ ബിഎൻഎസ്, ഐടി ആക്ട് വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും പരാതിയിൽ വേണുഗോപാൽ ആവശ്യപ്പെട്ടു.
National
അമരാവതി: സമൂഹമാധ്യമങ്ങളിൽ കുട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നിയമം നിർമിക്കാനൊരുങ്ങി ആന്ധ്രപ്രദേശ് സർക്കാർ.
16 വയസിൽ താഴെ പ്രായമുള്ളവർക്ക് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിയന്ത്രണം അതല്ലെങ്കിൽ പൂർണമായ വിലക്ക് സംബന്ധിച്ച് വിശദമായി പഠിക്കാൻ സർക്കാർ പ്രത്യേക മന്ത്രിതല സമിതിയെ നിയോഗിച്ചതായി സംസ്ഥാന ആഭ്യന്തര മന്ത്രി വംഗലപുടി അനിത അറിയിച്ചു.
2025 ഒക്ടോബറിൽ രൂപവത്കരിച്ച സമിതി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അവർ പറഞ്ഞു. ഐടി മന്ത്രി നാരാ ലോകേഷ് അധ്യക്ഷനായ സമിതിയിൽ ആഭ്യന്തര മന്ത്രി വംഗലപൂടി അനിത, ആരോഗ്യ മന്ത്രി സത്യകുമാർ എന്നിവർ അംഗങ്ങളാണ്.
സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും ദുരുപയോഗവും കുട്ടികളെ ബാധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണു നീക്കം.
Kerala
കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം മണല്‍ത്താഴം ഉള്ളാട്ടുതൊടി ദീപക് ഹൗസില്‍ ദീപക് (42) ജീവനൊടുക്കിയ സംഭവത്തില്‍ വടകര സ്വദേശിനി ഷിംജിത മുസ്തഫ (35) മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതിനു പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ദീപക്കിന്റെ അമ്മ കന്യക കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്കിയ പരാതിയിലാണ് നടപടി. ഇന്നലെ ദീപക്കിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.
മുൻ ജനപ്രതിനിധി
അതേസമയം, ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും നിയമപോരാട്ടം നടത്തുമെന്നും ദീപക്കിന്റെ പിതാവ് ചോയി പറഞ്ഞു. ഓള് കേരള മെന്‍സ് അസോസിയേഷനു വേണ്ടി രാഹുല്‍ ഈശ്വറും മറ്റു സംഘടനകളും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ദീപക്കിനെതിരേ വീഡിയോ പ്രചരിപ്പിച്ച ഷിംജിത സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സറും പൊതുപ്രവര്‍ത്തകയുമാണ്. മലപ്പുറം അരീക്കോട് കഴിഞ്ഞ തവണ യുഡിഎഫ് ജനപ്രതിനിധിയായിരുന്നു. സ്വന്തം വീടായ വടകര ചേറോടാണ് കുറച്ചു കാലമായി ഇവര്‍ താമസിക്കുന്നത്. നേരത്തെ വിദേശത്തു പോയിട്ടുള്ള യുവതി അവിടെനിന്നു നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചാണ് ശ്രദ്ധിക്കപ്പെട്ടത്.
വീഡിയോ പിൻവലിച്ചു
ദീപക്കിന്റെ മരണത്തില്‍ പ്രതിഷേധം രൂക്ഷമായതോടെ, ഷിംജിത ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രൈവറ്റാക്കി പിന്‍വലിഞ്ഞു. അക്കൗണ്ടുകളില്‍നിന്നു വീഡിയോ പിന്‍വലിച്ചുവെങ്കിലും ഇതു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷിംജിതക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ആക്രമണം രൂക്ഷമായതോടെ, ദീപക്കിന്റെ മരണ ശേഷവും തന്റെ നടപടിയെ ന്യായീകരിച്ചു ഷിംജിത ഞായറാഴ്ച പങ്കുവച്ച വീഡിയോയും അക്കൗണ്ടില്‍നിന്ന് അപ്രത്യക്ഷമായി. യുവതി വീഡിയോ പ്രചരിപ്പിച്ചതു മൂലമുള്ള അപമാനവും മാനസിക സംഘർഷവുമാണ് ദീപക് ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം.
കുടുംബത്തിന്റെ ആശ്രയം
കണ്ണൂര്‍ പയ്യന്നൂരില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ദീപക് ദുരുദ്ദേശ്യത്തോടെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന ആരോപണത്തോടെയാണ് ഷിംജിത കഴിഞ്ഞ ദിവസം വീഡിയോ പ്രചരിപ്പിച്ചത്. കോഴിക്കോടെ ഒരു വസ്ത്രശാലയില്‍ മാനേജരായിരുന്ന ദീപക് ജോലി ആവശ്യാര്‍ഥമാണ് കണ്ണൂരില്‍ എത്തിയത്. വീഡിയോ പ്രചരണത്തിനു ശേഷം ദീപക് മാനസികമായി തളര്‍ന്നിരുന്നുവെന്ന് അമ്മ കന്യക പറഞ്ഞു. ഒറ്റ മകനായിരുന്നു ദീപക്. ദീപക്കിന്റെ മരണത്തോടെ മാതാപിതാക്കള്‍ക്ക് ആശ്രയമില്ലാതായി.
പരാതി പറഞ്ഞെന്നും ഇല്ലെന്നും
ബസില്‍ അനുഭവം സംബന്ധിച്ച് എന്തുകൊണ്ട് പോലീസില്‍ പരാതി നല്‍കിയില്ല ചോദ്യം ഉയർന്നതോടെ, വടകര പോലീസില്‍ വിവരം അറിയിച്ചിരുന്നുവെന്നു ഷിംജിത കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നു പോലീസ് പറഞ്ഞു. പരിചയമുള്ള പോലീസുകാരനോടു വിവരം പറഞ്ഞതായാണ് ഏറ്റവും ഒടുവില്‍ ഷിംജിത പറയുന്നത്. അക്കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ദീപക് മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നത്. പുരുഷ അസോസിയേഷൻ ദീപക്കിന്റെ കുടുംബത്തിനു സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ആക്ടിവിസ്റ്റുകള്‍ ദീപക്കിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് നിയമപോരാട്ടത്തിനു പിന്തണ അറിയിക്കുകയും ചെയ്തു.
National
ചണ്ഡിഗഡ്: പഞ്ചാബിലെ പത്താൻകോട്ട് തന്ത്രപ്രധാനമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പാക്കിസ്ഥാന് കൈമാറിയ പതിനഞ്ചുകാരൻ പിടിയിൽ. പാക് സൈനിക ഉദ്യോഗസ്ഥരും ഐഎസ്ഐ, ഭീകരസംഘടനകൾ എന്നിവയുമായി കുട്ടി ബന്ധപ്പെട്ടിട്ടുണ്ടെന്നു പോലീസ് പറയുന്നു.
സമൂഹമാധ്യമത്തിലൂടെയാണു കുട്ടി ഇതിലേക്ക് എത്തിയതെന്നും രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പത്താൻകോട്ട് എസ്എസ്പി ദൽജീന്ദർ സിംഗ് ധില്ലൻ പറഞ്ഞു. തിങ്കളാഴ്ചയാണ് കുട്ടിയെ പോലീസ് പിടികൂടിയത്. ജമ്മുകാഷ്മീരിലുള്ള തന്റെ പിതാ
വ് കൊല്ലപ്പെട്ടതായാണ് കുട്ടി കരുതുന്നത്. എന്നാൽ പോലീസ് അന്വേഷണത്തിൽ ഇത് സ്ഥിരീകരിക്കാനായിട്ടില്ല. പിതാവിനെ നഷ്ടപ്പെട്ടത് അവനെ ബാധിച്ചു. ഇതാണ് പാക് ഏജൻസികളുടെ കെണിയിൽ കുട്ടി അകപ്പെടാൻ കാരണം. കഴിഞ്ഞ ഒരു വർഷമായി ഏജൻസികളുമായി കുട്ടി ബന്ധപ്പെട്ടിരുന്നു- ധില്ലൻ കൂട്ടിച്ചേർത്തു.
International
അജ്മാൻ: യുഎഇയിൽ കണ്ണൂർ ആറളം സ്വദേശിനിയായ യുവതിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയായ യുവാവിനെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു.
യുഎഇയിൽ ഔദ്യോഗിക ലൈസൻസോടെ സോഷ്യൽ മീഡിയ മാർക്കറ്റിംഗും വ്ലോഗിംഗും നടത്തുന്ന കണ്ണൂർ യുവതിയുടെ ഫോട്ടോകൾ മസാജ് സെന്ററുകളുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ദുരുപയോഗം ചെയ്യുകയായിരുന്നു.
യുവതിയെ ഫോട്ടോ മസാജ് സെന്ററുകളുടെ പ്ലാറ്റ്ഫോമിൽ അപകീർത്തികരമായ കമന്റോടെ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനെതിരേ യുവതി നിയമനടപടികൾക്കായി പല നിയമസ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഭാരിച്ച ഫീസായിരുന്നു ആവശ്യപ്പെട്ടത്.
പാപ്പിനിശേരി സ്വദേശിയും യാബ് ലീഗൽ സർവീസ് സിഇഒയുമായ സലാം പാപ്പിനിശേരി സംഭവത്തെക്കുറിച്ചറിഞ്ഞ് സൗജന്യ നിയമസഹായം നൽകി. അജ്മാൻ പ്രോസിക്യൂഷൻ മുഖേന യുവാവിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർ നടപടികൾ പുരോഗമിച്ചുവരികയാണ്.
Kerala
കൊച്ചി: പെരുമ്പാവൂര്‍ നഗരത്തില്‍ വ്യാപകമായി അന്യ സംസ്ഥാന തൊഴിലാളികളുടെ ലഹരി വില്പനയും ഉപയോഗവും. പരസ്യമായി ലഹരിമരുന്ന് കുത്തി വയ്ക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ആസാം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ തൊഴിലാളികളാണ് ഇവരില്‍ പലരും.
സേവ് പെരുമ്പാവൂര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പരസ്യമായി ലഹരി കുത്തി വയക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ വീഡിയോ എത്തിയിരിക്കുന്നത്. ഞായറാഴ്ചകളില്‍ പെരുമ്പാവൂര്‍ നഗരത്തില്‍ ലഹരി മരുന്ന് പരസ്യമായി വില്‍ക്കുന്ന ദൃശ്യങ്ങളും പല യൂട്യൂബര്‍മാരും പങ്കുവച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ പോലീസ് നടപടികള്‍ ഉണ്ടാവുന്നില്ല എന്ന പരാതികളും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, പെരുമ്പാവൂരില്‍ നിന്നും ലഹരി കേസുകളില്‍ അടുത്തിടെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച അസം സ്വദേശിയായ മഞ്ജില്‍ ഇസ്ലാമി എന്ന യുവാവിനെ പോലീസ് പിടികൂടിയിരുന്നു.
പെരുമ്പാവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇയാള്‍ വില്‍പ്പന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു വ്ളോഗര്‍ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് പോലീസ് നടപടി എടുത്തത്.
സിറിഞ്ചുകളില്‍ ലഹരി നിറച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്നതാണ് ഇയാളുടെ രീതി. പെരുമ്പാവൂര്‍ നഗരം കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടത്തുന്ന പ്രധാന കണ്ണികളില്‍ ഒരാളാണ് മഞ്ജില്‍. അസാമില്‍ നിന്നും ലഹരി എത്തിച്ച് വില്‍ക്കുന്നു എന്നാണ് പോലീസിന്റെ നിഗമനം. ലഹരി വസ്തുക്കളും പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍ സ്വദേശിയായ അജ്മല്‍ എന്ന യുവാവിനെയും ലഹരി കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പോലീസ് സ്റ്റേഷന് പരിധികളിലായി എംഡിഎംഎ വില്പനയ്ക്ക് എത്തിച്ച കേസിലും കഞ്ചാവ് എത്തിച്ച കേസിലും ഇയാള്‍ പ്രതിയാണ്. തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്നാണ് ഇയാളെ ലഹരി മരുന്നുമായി പിടികൂടിയത്.
Kerala
തിരുവനന്തപുരം: കര്‍ണാടകയിലെ യെലഹങ്കയില്‍ വീടുകള്‍ ഇടിച്ചു നിരത്തിയതിനെത്തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനിടെ നടത്തിയ പ്രതികരണത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ട്രോളുകളോട് പ്രതികരിച്ച് എ.എ. റഹിം എംപി.
"എനിക്ക് ഭാഷാപരമായ പരിമിതികളുണ്ട്. പക്ഷേ, മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ. ഭരണകൂടഭീകരതയുടെ നേര്കാഴ്ചകള് തേടിയാണ് അവിടേക്ക് ചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത്. ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉള്ളു'. -റഹിം ഫേസ്ബുക്കിൽ കുറിച്ചു.
"ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല.
ഒരു തെറ്റുമില്ലാതെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്ന നിരവധിപേര്‍ നിങ്ങളുടെ കൂട്ടത്തിലുണ്ടല്ലോ?. അവരെ ആരെയും ഇവിടെയെന്നല്ല, ബുള്‍ഡോസറുകള്‍ ജീവിതം തകര്‍ത്ത ദുര്‍ബലരുടെ അരികില്‍ ഒരിടത്തും കണ്ടിട്ടില്ല.'-റഹിം കൂട്ടിച്ചേർത്തു.
Kerala
പേരാമംഗലം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണവുമായി ബന്ധപ്പെട്ട നിയമനടപടികൾ വിവിധ കോടതികളുടെ പരിഗണനയിലിരിക്കേ, സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കരയുടെ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പേരാമംഗലം പോലീസ് ഇന്നലെ അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തി.
ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണം സംബന്ധിച്ച വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിദേശസഹായ നിയന്ത്രണനിയമത്തിന്റെ ലംഘനം സംബന്ധിച്ച സിബിഐ കേസ് സുപ്രീംകോടതിയുടെയും പരിഗണനയിലാണ്.
എന്നാൽ ഈ വസ്തുതകൾ മറച്ചുവച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലും സിപിഎം പ്രവർത്തകർ സൈബർ ഇടങ്ങളിൽ വ്യാപകമായ പ്രചാരണം നടത്തുന്നുവെന്നാണ് മുൻ എംഎൽഎയുടെ ആരോപണം.
ജില്ലാതല മോണിറ്ററിംഗ് സമിതിക്കു നൽകിയ പരാതിയിന്മേലാണ് ഇപ്പോൾ നടപടി.
വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
International
കാൻബറ: പതിനാറിനു താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ച ഓസ്ട്രേലിയൻ സർക്കാർ നടപടിക്കെതിരേ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റ് കോടതിയെ സമീപിച്ചു.
അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്ന സർക്കാർ നടപടി ഭരണഘടനാവിരുദ്ധമാണെന്നാരോപിച്ചാണു ഹൈക്കോടതിയിൽ ഹർജി നല്‍കിയിരിക്കുന്നത്. ന്യൂ സൗത്ത് വെയിൽസിൽനിന്നുള്ള രണ്ടു കൗമാരക്കാരും നിരോധനത്തിനെതിരേ ഹർജി നല്‍കിയിട്ടുണ്ട്.
അതേസമയം, നിയമനടപടികളെ പേടിച്ച് നിരോധനം പിൻവലിക്കില്ലെന്ന് ഓസ്ട്രേലിയൻ കമ്യൂണിക്കേഷൻ വകുപ്പ് മന്ത്രി അനിക വെൽസ് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമസ്ഥരായ വൻകിട ടെക് കന്പനികൾ സർക്കാരിനെ ഭീഷണിപ്പെടുത്തേണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
ബുധനാഴ്ചയാണു നിരോധനം പ്രാബല്യത്തിൽ വന്നത്. റെഡ്ഡിറ്റിനു പുറമേ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പതിനാറു വയസ് പൂർത്തിയാകാത്തവർക്കു പ്രവേശനമില്ല.
കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും കണക്കിലെടുത്താണു നിരോധനമെന്നു സർക്കാർ ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയിലെ രക്ഷിതാക്കളിൽ ഭൂരിഭാഗവും നിരോധനത്തെ അനുകൂലിക്കുന്നു.
അതേസമയം, ടെക് കന്പനികൾ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതായാണു സൂചന. മറ്റു രാജ്യങ്ങളും ഓസ്ട്രേലിയൻ മാതൃക അനുകരിക്കാൻ സാധ്യതയുണ്ട്.
NRI
വാഷിംഗ്ടൺ ഡിസി: വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ യുഎസിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ സോഷ്യൽ മീഡിയ വിവരങ്ങൾ കർശനമായി പരിശോധിക്കാൻ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) പദ്ധതിയിടുന്നതായി റിപ്പോർട്ട്.
വിസ ഒഴിവാക്കൽ പ്രോഗ്രാമിൽ ഉൾപ്പെടുന്ന ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ദക്ഷിണ കൊറിയ തുടങ്ങിയ 42 രാജ്യങ്ങളിലെ പൗരന്മാരെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക.
അപേക്ഷകർ കഴിഞ്ഞ അഞ്ച് വർഷത്തെ സോഷ്യൽ മീഡിയ വിവരങ്ങൾ നിർബന്ധമായും നൽകണം. കൂടാതെ, കഴിഞ്ഞ പത്ത് വർഷത്തെ ഇമെയിൽ വിലാസങ്ങൾ, മാതാപിതാക്കൾ, പങ്കാളി, സഹോദരങ്ങൾ, മക്കൾ എന്നിവരുടെ പേര്, ജനന തീയതി തുടങ്ങിയ വിശദമായ വ്യക്തിഗത വിവരങ്ങളും സമർപ്പിക്കേണ്ടി വരും.
നിലവിൽ 2016 മുതൽ സോഷ്യൽ മീഡിയ വിവരങ്ങൾ നൽകുന്നത് ഓപ്ഷനലാണ്. വിവരശേഖരണം വർധിപ്പിക്കുന്നത് യാത്രക്കാർക്ക് അംഗീകാരം ലഭിക്കാൻ കൂടുതൽ സമയമെടുക്കാനും, വ്യക്തിഗത സ്വകാര്യതയ്ക്ക് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് ഡിജിറ്റൽ അവകാശ ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകുന്നു.
Viral
ജീവിതസായന്തനത്തിലും വിശ്രമിക്കാൻ നൊന്ന സിൽവാന മുത്തശി തയാറല്ല. പരമ്പരാഗത ഇറ്റാലിയൻ വിഭവങ്ങളുടെ പാചകവിദ്യകളും ഉത്തമജീവിതം നയിക്കാനുള്ള സാരോപദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുതുതലമുറയ്ക്കു പകർന്നുനൽകി ഏവരുടെയും പ്രത്യേകിച്ച് ഇറ്റലിക്കാരുടെ മനംകവരുകയാണ് ഈ 84കാരി.
ടിക് ടോക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം സജീവമായ ഈ മുത്തശിക്ക് ഈവർഷത്തെ ഇറ്റലിയുടെ ടിക് ടോക്ക് ക്രിയേറ്റർ ഓഫ് ദ ഇയർ അവാർഡും ലഭിച്ചുകഴിഞ്ഞു. 90 ദശലക്ഷം പേരാണ് നൊന്ന സിൽവാന മുത്തശിയുടെ ഉപദേശങ്ങൾക്കായും പാചകവിദ്യകൾക്കായും അവരെ സമൂഹമാധ്യമങ്ങളിൽ അനുഗമിക്കുന്നത്.
ഇറ്റലിയിലെ ടസ്കനിക്കടുത്ത മൊന്റെസ്പെർതൊലി സ്വദേശിനിയാണ് നൊന്ന സിൽവി എന്ന പേരിലും അറിയപ്പെടുന്ന നൊന്ന സിൽവാന. ടേസ്റ്റ് അറ്റ്ലാസ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ നൊന്ന മുത്തശിയെ ഫുഡ് ഹീറോയെന്നു വരെ വിശേഷിപ്പിച്ച് പുരസ്കാരം നൽകിയിട്ടുണ്ട്.
nonnasilvi.com എന്നപേരിൽ സ്വന്തമായി വെബ് പേജ് വരെ ഈ മുത്തശിക്കുണ്ട്. എട്ടാംവയസിൽ തന്റെ മുത്തശിയിൽനിന്നാണ് പാചകം പഠിച്ചതെന്ന് ഇവർ പറയുന്നു.
32-ാം വയസിൽ വിവാഹിതയായ നൊന്ന സിൽവാനയുടെ ഭർത്താവ് 11 വർഷത്തിനുശേഷം മരിച്ചു. ഏകമകൻ ആൻഡ്രിയ ഷെഫാണ്. കൊച്ചുമകൻ മത്തേയോയാണു മുത്തശിയുടെ പാചക വീഡികൾ ചിത്രീകരിക്കുന്നത്.
Kerala
കോഴിക്കോട്: അതിജീവിതയെ വെളിപ്പെടുത്തുന്ന സമൂഹമാധ്യമ പോസ്റ്റ് ഷെയർ ചെയ്ത കോഴിക്കോട് സ്വദേശി അറസ്റ്റിൽ. കോഴിക്കോട് ചേളന്നൂർ സ്വദേശി പയ്യട സന്തോഷ് കുമാറിനെയാണ് (56) കോഴിക്കോട് റൂറല്‍ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ സൈബർ പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പീഡന പരാതിയുടെ പശ്ചാത്തലത്തില്‍ കോൺഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ബുധനാഴ്ച രാത്രിയാണ് സന്തോഷ് കുമാറിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച അറസ്റ്റ് രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് റജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്.
Kerala
തിരുവനന്തരപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്വര്‍ണക്കൊള്ള സജീവ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്. അമ്പലക്കള്ളന്മാര് കടക്ക് പുറത്ത് എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയായില്‍ ക്യാമ്പയിൻ ആരംഭിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ ലൈംഗിക പീഡന കേസിൽ കോൺഗ്രസ് പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ശബരിമല സ്വർണക്കടത്ത് ഉപയോഗിച്ചാണ് സിപിഎമ്മിനെതിരെ കോൺഗ്രസ് പ്രതിരോധം.
പ്രതിപക്ഷനേതാവ് വി.ഡി.സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ കവർ പേജ് മാറ്റി ഈ പ്രചാരണത്തിന് തുടക്കമിട്ടു.
Kerala
തിരുവനന്തപുരം: കെപിസിസി സോഷ്യൽ മീഡിയ സെല്ലിന്റെ തലവനായി ഹൈബി ഈഡനെ നിയമിച്ചു. വിദഗ്ധരെ അടക്കം ഉൾപ്പെടുത്തി സോഷ്യൽ മീഡിയ സെൽ വിപുലമാക്കാനാണ് ഹൈബി ഈഡന്റെ തീരുമാനം.
നിലവിലെ തലവനായിരുന്ന വി.ടി. ബൽറാമിനു പകരമാണ് ദേശീയ നേതൃത്വം നിർണായക ചുമതല ഹൈബി ഈഡന് കൈമാറിയത്. തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പുകൾ പടിവാതിക്കൽ എത്തിനിൽക്കേ സൈബർ രംഗത്ത് എതിരാളികളുടെ തേരോട്ടം ശക്തമായ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ ഡിജിറ്റൽ പ്രതിരോധം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.
കോണ്‍ഗ്രസ് വിട്ടു സിപിഎമ്മിന്റെ ഭാഗമായ പി. സരിന്റെ അനുയായികളെ ഉൾപ്പെടുത്തി ഡിജിറ്റൽ മീഡിയ സെൽ പുനഃസംഘടിപ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
National
ന്യൂഡൽഹി: ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കവും നിയന്ത്രിക്കുന്നതിന് സ്വയംഭരണാധികാരമുള്ള നിഷ്പക്ഷ സ്ഥാപനം ആവശ്യമാണെന്ന അഭിപ്രായം ആവർത്തിച്ച് സുപ്രീംകോടതി.
ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകൾ പിന്തുടരുന്ന "സ്വയം നിയന്ത്രണ'രീതിയുടെ ഫലപ്രാപ്തിയിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. "ഇന്ത്യ ഗോട്ട് ലാറ്റന്റ്' എന്ന യുട്യൂബ് ഷോയിൽ അശ്ലീല ഉള്ളടക്കവുമായി ബന്ധപ്പെട്ട എഫ്ഐആറുകൾക്കെതിരേ ഷോ നടത്തിപ്പുകാരൻ രണ്‍വീർ അലഹബാദിയയും കൂട്ടരും സമർപ്പിച്ച ഹർജിയിലാണു സുപ്രീംകോടതി നിലപാട് അറിയിച്ചത്.
"അശ്ലീലം' എന്നു കരുതാവുന്ന ഓണ്‍ലൈൻ ഉള്ളടക്കം ലഭ്യമാക്കുന്നതിന് സാധാരണ മുന്നറിയിപ്പുകൾക്കുപുറമെ ആധാർ ഉപയോഗിച്ചുള്ള പ്രായപരിധി പരിശോധന നടപ്പാക്കണമെന്ന അഭിപ്രായവും വാദത്തിനിടയിൽ കോടതി പ്രകടിപ്പിച്ചു. കോടതിയുടെ നിർദേശം മാത്രമാണിത്. മറ്റു വിദഗ്ധ മാർഗങ്ങൾ ഉണ്ടെങ്കിൽ നിർദേശിക്കാം. അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്കാരത്തിനും തടസമാകുന്നുവെങ്കിൽ ആ വിഷയം പിന്നീട് പരിഗണിക്കും. ഉത്തരവാദിത്വമുള്ള സമൂഹം കെട്ടിപ്പടുക്കേണ്ടതുണ്ട്.
മിക്ക പ്രശ്നങ്ങൾക്കും അതിലൂടെ പരിഹാരമുണ്ടാകുമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായങ്ങൾക്കായി സർക്കാർ കരട് മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കാനും ജുഡീഷൽ, പ്രസ്തുത മേഖലയിലെ വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി വിദഗ്ധ സമിതി രൂപവത്കരിക്കാനും ബെഞ്ച് നിർദേശിച്ചു. അതോടൊപ്പം ഭിന്നശേഷിയുള്ളവരെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിന് കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നും ബെഞ്ച് പറഞ്ഞു.
സുപ്രീംകോടതി ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണെന്നും പങ്കാളികളുമായി കൂടിയാലോചന നടക്കുന്നുണ്ടെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയെ അറിയിച്ചു. ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിന് നിലവിലുള്ള നിയമങ്ങൾ ബലപ്പെടുത്തുന്നതിനെയും പുതിയ നിയമങ്ങൾ കൊണ്ടുവരുന്നതിനെയുംകുറിച്ച് കേന്ദ്രസർക്കാർ പരിശോധിച്ചുവരികയാണ്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്രമം നിറഞ്ഞതും അശ്ലീലവുമായ ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുന്നതിന് ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശം ദുരുപയോഗം ചെയ്യുന്നുവെന്ന ആശങ്ക സമൂഹത്തിൽ വർധിച്ചുവരുന്നതായി കേന്ദ്രസർക്കാർ നേരത്തേ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.
നിലവിലെ നിയമത്തിൽ ചില നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ദോഷകരമായ ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിന് കർശനവും ഫലപ്രദവുമായ നിയമ ചട്ടക്കൂട് പ്രാബല്യത്തിൽ വരുത്തുന്നതിനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.
International
കോപ്പൻഗേഹൻ: കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിക്കാൻ ഡെന്മാർക്ക് സർക്കാരും നീക്കം തുടങ്ങി.
15 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് നിരോധനമേർപ്പെടുത്തുന്നത്. സമൂഹമാധ്യമ ഉപയോഗത്തിൽ മിനിമം പ്രായം നിർബന്ധമാക്കാനുള്ള പ്രധാനമന്ത്രി മെറ്റെ ഫ്രജെറിക്സെന്റെ നിർദേശത്തെ പാർലമെന്റിലെ ഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ചു.
കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന സമൂഹമാധ്യമ ഉപയോഗം അവരുടെ ബുദ്ധിശക്തിയെയും ആരോഗ്യത്തെയും ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് സർക്കാരിന്റെ നീക്കം.
അടുത്തിടെ ഓസ്ട്രേലിയയും 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമ ഉപയോഗത്തിൽ നിരോധനമേർപ്പെടുത്തിയിരുന്നു.
International
സിയൂൾ: ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു ഉള്ള വ്യക്തിയായി അറിയപ്പെടുന്ന ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞൻ ഡോ. യംഗ്ഹൂൺ കിം സമൂഹമാധ്യമത്തിലൂടെ തന്റെ ക്രിസ്തുവിശ്വാസം പരസ്യമായി പ്രഖ്യാപിച്ചു. കഴിഞ്ഞ 17ന് എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് 36കാരനായ കിം തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചത്. “ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു റിക്കാർഡുടമ എന്നനിലയിൽ, യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് ഞാൻ വിശ്വസിക്കുന്നു” എന്നാണ് അദ്ദേഹം എഴുതിയത്.
അദ്ദേഹത്തിന്റെ ഈ പോസ്റ്റ് ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. വ്യാഴാഴ്ചവരെ അദ്ദേഹത്തിന്റെ പോസ്റ്റ് കണ്ടത് എക്സ് ഉടമയും അമേരിക്കൻ വ്യവസായപ്രമുഖനുമായ ഇലോൺ മസ്ക് ഉൾപ്പെടെ ഒന്നര കോടിയോളം ആളുകളാണ്. തന്റെ എക്സ് പോസ്റ്റിനു ലഭിച്ച വൻ ജനപ്രീതിയോടു പ്രതികരിച്ച് 19ന് എക്സിൽ പങ്കുവച്ച മറ്റൊരു പോസ്റ്റിൽ, “ഈ അവസരം ഉപയോഗിച്ച് നിരവധി ആത്മാക്കളെ ഞാൻ യേശുവിലേക്ക് നയിക്കു”മെന്ന് കിം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ “ദൈവം ഉണ്ട്. 100%” എന്നു കിം എക്സ് പോസ്റ്റിൽ എഴുതിയിരുന്നു.
മനുഷ്യബുദ്ധിയുടെ അളവുകോലായ ഐക്യു അഥവാ Intelligence Quotient ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്നത് (276) തനിക്കാണെന്ന് യംഗ്ഹൂൺ കിം അവകാശപ്പെടുന്നു. ഗിഗാ സൊസൈറ്റി, മെൻസ, വേൾഡ് മെമ്മറി ചാമ്പ്യൻഷിപ്പുകൾ, വേൾഡ് മെമ്മറി സ്പോർട്സ് കൗൺസിൽ, ഔദ്യോഗിക ലോക റിക്കോർഡ് തുടങ്ങിയ സംഘടനകൾ ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു റിക്കാർഡ് ഉടമയെന്ന കിമ്മിന്റെ അവകാശവാദം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ദക്ഷിണ കൊറിയൻ സർക്കാരിന്റെ പിന്തുണയുള്ള സംഘടനയായ ന്യൂറോസ്റ്റോറിയുടെ സ്ഥാപകനും സിഇഒയുമാണ് കിം. യുണൈറ്റഡ് സിഗ്മ ഇന്റലിജൻസ് അസോസിയേഷൻ സ്ഥാപിച്ച അദ്ദേഹം, ശാസ്ത്രീയ പുരോഗതി പ്രോത്സാഹിപ്പിക്കുന്ന ലൈഫ് ബോട്ട് ഫൗണ്ടേഷന്റെ ബോർഡിലും അംഗമാണ്. തന്ത്രപരമായ ചിന്തയും നേതൃത്വവും, വൈജ്ഞാനിക വിദ്യാഭ്യാസവും നേതൃത്വവും തുടങ്ങിയ വിഷയങ്ങളിൽ വിവിധ സർവകലാശാലകളിൽ ഓണററി പ്രഫസറുമാണ് ഡോ. യംഗ്ഹൂൺ കിം.